Wednesday, February 11, 2009

2008-ലെ ഇംഗ്ലീഷ് സിനിമകള്‍-1

ദി റീഡർ (2008)

യുദ്ധാനന്തര ജർമ്മനിയിൽ, അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ Stephen Daldry സംവിധാനം ചെയ്ത ദി റീഡർ എന്ന ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്‌. 'റീഡർ' എന്ന പേരു സൂചിപ്പിക്കുന്നതു പോലെ പ്രമേയത്തിന്റെ വളർച്ച സാഹിത്യവുമായും വായനയുമായുമൊക്കെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു; എങ്കിലും ഈ ചിത്രം പ്രാഥമികമായി മനുഷ്യത്വത്തെപറ്റിയും, അനിവാര്യമായ സന്ദർഭങ്ങളിൽ ശിഥിലമാകുന്ന മൊറാലിറ്റിയെക്കുറിച്ചും, പരീക്ഷിക്കപ്പെടുന്നവരുടെ നിസ്സഹായതയെക്കുറിച്ചുമാണ്‌ വാചാലമാകുന്നത്‌. സാധാരണക്കാരനായ ഒരു പുരുഷൻ പരിചയപ്പെടുവാനും അടുത്തിടപഴകുവാനും ഒരുവേള പ്രേമം തോന്നുവാനും മാത്രം നന്മകളുള്ള ഒരു സ്ത്രീ ഭൂതകാലത്തെ ഒരു ഫാസിസ്റ്റ്‌ കൂട്ടക്കൊലയ്ക്ക്‌ കൂട്ടുത്തരവാദിയാണെന്നു വന്നാൽ..?

ഹിറ്റ്‌ലറുടെ കാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന, ജൂതന്മാരല്ലാത്തവരുടെ മനുഷ്യത്വത്തെക്കുറിച്ച്‌ നിങ്ങൾ കരുതുന്നതെന്താണ്‌? ഒരു പ്രത്യേക കാലത്ത്‌ ഒരു ദേശത്തു ജീവിച്ചിരുന്ന ഭൂരിഭാഗം പേരും ദുർബലമായ മനസാക്ഷിയുടെ ഉടമകളായിരുന്നുവെന്നു നമുക്ക്‌ വിശ്വസിക്കാമോ? ഈ ചിത്രം പറയുന്നത്‌ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ഭരണത്തെ നടപ്പിൽ വരുത്തുവാൻ അപ്രധാനമായ റോളുകൾ കൈകാര്യം ചെയ്ത പലരും എന്നെയും നിങ്ങളെയും പോലെ സാധാരണ മനുഷ്യരായിരുന്നു എന്നാണ്‌. അവിടെ ഉയരുന്ന ചോദ്യമാകട്ടെ, സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു എന്നാണ്‌?എല്ലാ മനുഷ്യർക്കും തങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനുള്ള ശക്തമായ പ്രേരണയുണ്ട്‌. അധികം പേരും, സമാനമായ സാഹചര്യങ്ങളിൽ, ലോകത്തെവിടെയായാലും എളുപ്പമുള്ള വഴി തെരഞ്ഞെടുക്കുവാൻ ശ്രമിക്കുമെന്നതാണ്‌, ഭീകരമെങ്കിലും, യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്നത്‌.

മത-വർഗ്ഗീയ-ഫാസിസ്റ്റ്‌ ശക്തികളാൽ ജനാധിപത്യബോധവും മനുഷ്യത്വവും മനസ്സാക്ഷിയും നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളെന്തു ചെയ്യും എന്നു തന്നെയാണ്‌ ഈ ചിത്രം നമ്മോടു ചോദിക്കുന്നത്‌? ആ ഇരുണ്ടകാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന അനേകരെപ്പോലെ നിങ്ങളും ഫാസിസ്റ്റുകളോടു ചേർന്നു നിൽക്കുമോ? അതോ സോഫി ഷോൾ ഒക്കെ ചെയ്തതു പോലെ ആകുന്നത്ര ശബ്ദത്തിൽ ഫാസിസ്റ്റുകളോടു പ്രതികരിക്കുമോ?

നമ്മൾ ഉത്തരങ്ങൾ പറയേണ്ടത്‌ നമ്മോടു തന്നെയാണ്‌.



ദി റെസ്‌ലര്‍ (2008) -ഡാരന്‍ അറോണോവ്‌സ്‌കി

റസ്‌ലിംഗ് പോലെയൊരു കായികവ്യാപാരം ഒരിക്കലെങ്കിലും ആസ്വദിക്കാനെനിക്കു സാധിക്കുമെന്നു തോന്നുന്നില്ല. എങ്കിലും ഈ സിനിമയിലെ റെസ്‌ലറെ എനിക്കു മനസ്സിലാകുന്നുണ്ട്. ചെറുപ്പത്തില്‍ റെസ്‌ലിംഗ് ആസ്വദിച്ചിരുന്ന കൂട്ടുകാരില്‍ നിന്നും അവര്‍ കളിച്ചിരുന്ന ശീട്ടുകളില്‍ നിന്നും ഹക് ഹോഗനെയും ബ്രിട്ടീഷ് ബുള്‍ഡോഗിനെയും അണ്ടര്‍ടേക്കറെയുമൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവരോടൊന്നും ഒരു താത്പര്യവും ഒരു കാലത്തും തോന്നിയിട്ടുമില്ല. എങ്കിലും ഈ ചിത്രത്തിലെ റെസ്‌ലറോട്‌ എനിക്കു സ്നേഹം തോന്നുന്നു. അധോസമൂഹങ്ങളെയും അധോലോകങ്ങളെയും അവതരിപ്പിക്കുന്ന സിനിമകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഒരു ഉപരിലോകത്തിലെ, മുഖ്യധാരാസമൂഹത്തില്‍ പെട്ടുപോയ, ചില അധോജീവിതങ്ങളാണ്‌ ഇവിടെ സിനിമയുടെ കേന്ദ്രം. പ്രതാപമെല്ലാം നഷ്ടപ്പെട്ട, പ്രായവും രോഗവും ആക്രമിച്ചു തുടങ്ങുന്ന, തന്റെ രൂപം നിലനിര്‍ത്താനാവശ്യമായ സ്റ്റിറോയ്ഡുകള്‍ വാങ്ങാനായി ചെറുകിട ജോലികള്‍ ചെയ്ത് ജീവിക്കുന്ന ഒരു റെസ്‌ലറും അയാളുടെ ശൂന്യമായ രതിയും സ്നേഹത്തിനു വേണ്ടിയുള്ള അന്വേഷണവും ഒക്കെയാണ്‌ ഈ സിനിമ. വേദനയാഗ്രഹിക്കുന്ന അയാളുടെ ശരീരം വീണ്ടും വീണ്ടും അയാളെ മത്സരവേദിയിലേക്കു നയിക്കുന്നുണ്ട്. ശരീരത്തിനു മുന്നില്‍ നിസ്സഹയനാവുന്ന മനുഷ്യന്‍. ശരീരം കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുന്ന, യൌവനം പിന്നിട്ട നഗ്നനൃത്തക്കാരിയായ ഒരു സ്ത്രീയാണു മറ്റൊരു കഥാപാത്രം. ഈ രണ്ടു കഥാപാത്രങ്ങളാണു ഈ സിനിമ.


ഗ്രാന്‍ ടൊരീനോ(2008)-ക്ലിന്റ് ഈസ്റ്റ്‌വുഡ്

ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ പഴയ വെസ്റ്റേണ്‍ സിനിമകള്‍ കണ്ടിട്ടില്ലേ? നിറതോക്കുമായി എതിരാളികള്‍ക്ക് നേര്‍ക്കുനേരെ നിന്ന് ഞൊടിയിടയില്‍ തോക്കു പുറത്തെടുത്ത് എതിരാളികളെ നിഗ്രഹിക്കുന്ന ഹീറോ. ഗ്രാന്‍ ടൊരീനോയിലാകട്ടെ തന്റെ തന്നെ ഇമേജിനെ ഡീ-കണ്‍സ്റ്റ്രക്ടു ചെയ്യാനുള്ള ഒരു ശ്രമം ഈസ്റ്റ്‌വുഡ് നടത്തുന്നുണ്ട്. ഇസ്സ്റ്റ്വുഡ് തന്നെ അവതരിപ്പിക്കുന്ന വാള്‍ട്ട് കൊവാല്‍സ്കി എന്ന കഥാപാത്രമാകട്ടെ, പരുക്കനും റേസിസ്റ്റുമായ, പ്രായം ചെന്ന ഒരു അമേരിക്കന്‍ കോക്കേഷ്യന്റെ പ്രോട്ടോടൈപ്പ് ആണ്‌. ഏതാണ്ട് ഡേര്‍ട്ടി ഹാരി പെന്‍ഷനായതു പോലെ ഒരു കഥാപാത്രം. പരുക്കനും ഒറ്റയാനും ഊര്‍ജ്ജ്വസ്വലനുമായ ഈ കഥാപാത്രം തന്റെയുള്ളിലെ നന്‍മ കണ്ടെത്തുന്നതാണു സിനിമയുടെ കഥ. പക്ഷെ സിനിമയുടെ രാഷ്ട്രീയം, കഥ പോലെ അത്ര തെളിമയുള്ളതല്ല എന്നതാണു വാസ്തവം. കാരണം റേസിസത്തെ അത്രയെളുപ്പം കറുപ്പും വെളുപ്പുമായി കള്ളികളിലാക്കാന്‍ പറ്റില്ല എന്നതു തന്നെ. അതുകൊണ്ടുതന്നെയാണു ഈസ്റ്റുവുഡിന്റെ ന്യായീകരണശ്രമങ്ങൾ പൊള്ളയാകുന്നതും.