Friday, April 09, 2010

അഗോറ(2009)

The Sea Inside എന്ന സിനിമയിലൂടെ അന്താരാഷ്ട്രപ്രശസ്തിയിലേക്കുയർന്ന ചിലിയൻ/സ്പാനിഷ് സംവിധായകൻ അലഹാന്ദ്രോ അമനേബാറിന്റെ ഏറ്റവും പുതിയ ചിത്രം അഗോറ(2009), അഞ്ചാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ വധിച്ച തത്വചിന്തകയും ഗണിതജ്ഞയുമായിരുന്ന അലക്സാണ്ട്രിയയിലെ ഹൈപേഷ്യയുടെ ജീവിതത്തെയും മരണത്തെയും വീണ്ടും ഓർമ്മയിൽ കൊണ്ടുവരുന്നു.

തിയോൺ എന്ന ഗണിതജ്ഞന്റെ മകളായി A.D.350-370 കാലഘട്ടത്തിലെപ്പോഴോ ആണു ഹൈപേഷ്യ ജനിച്ചതെന്ന് കരുതപ്പെടുന്നു. തത്വചിന്തയിൽ പ്ലേറ്റോയുടെ സ്കുൾ ഓഫ് തോട്ട് പിന്തുടർന്ന അവർ അധ്യാപികയും ഗണിത-ജ്യോതിശാസ്ത്ര-ഗവേഷകയുമായിരുന്നു. Empirical എന്നതിലുപരി theoretical രീതിയിലുള്ള ഗവേഷണങ്ങൾക്കാണ് അവർ പ്രാമുഖ്യം കൊടുത്തിരുന്നത്. ഹൈപേഷ്യയുടെ വർക്കുകളൊന്നും പൂർണരൂപത്തിൽ അവശേഷിച്ചിട്ടില്ല എന്ന് കരുതപ്പെടുന്നു. സ്ത്രീകൾ പൊതുധാരയിൽ വരുന്നതിനെ അസഹിഷ്ണുതയോടെയാണ് ബൈബിൾ കാണുന്നത്. ഹൈപേഷ്യയുടെ പഠനഗവേഷണങ്ങളിൽ അസഹിഷ്ണുക്കളായ അലക്സാണ്ട്രിയയിലെ ക്രിസ്ത്യാനികൾ (കത്തോലിക്കരുടെ വിശുദ്ധരിൽ ഒരാളായ) വി.സിറിലിന്റെ നേതൃത്വത്തിലാണ് ഹൈപേഷ്യയെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തത്.

തന്റെ ശിഷ്യന്മാരെ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും തത്വചിന്തകൾ പഠിപ്പിക്കുന്ന ഹൈപേഷ്യയുടെ തത്വചിന്താ-ക്ലാസ്സോടെയാണ് ചിത്രം തുടങ്ങുന്നത്. ക്രിസ്ത്യൻ മതപ്രചാരകർ പൊതുനിരത്തിൽ പേഗൻ വിശ്വാസികളായ അലക്സാണ്ട്രിയയിലെ ജനങ്ങളെയും അവരുടെ പേഗൻ ദൈവങ്ങളെയും അപഹസിക്കുന്ന രംഗങ്ങൾ ആദ്യഭാഗത്തുണ്ട്. പരിഹാസം സഹിക്കാനാവാതെ ക്രിസ്ത്യാനികളെ വധിക്കാൻ ആയുധമെടുത്തിറങ്ങുന്ന പേഗനിസ്റ്റുകൾ ക്രിസ്ത്യാനികളുടെ വർദ്ധിച്ച അംഗസംഖ്യയ്ക്കു മുന്നിൽ പരാജയമറിയുന്നു. ക്രിസ്ത്യൻ-പേഗൻ മതസംഘട്ടനങ്ങളുടെ വിശദമായ ദൃശ്യങ്ങൾ സിനിമയുടെ ആദ്യഭാഗത്തുണ്ട്. പിന്നീട് പ്രധാനമന്ദിരങ്ങളും അലക്സാണ്ട്രിയയിലെ പ്രസിദ്ധമായ ലൈബ്രറിയും കൈയേറുന്ന ക്രിസ്ത്യാനികൾ അവിടുത്തെ അമൂല്യങ്ങളായ ഗ്രന്ഥങ്ങളെല്ലാം തീയിട്ടു നശിപ്പിക്കുന്നു. കൈയിൽ കിട്ടിയ ഗ്രന്ഥങ്ങളുമായി രക്ഷപെടാൻ ഹൈപേഷ്യയും ശിഷ്യന്മാരും നിർബന്ധിക്കപ്പെടുന്നു. ക്രിസ്ത്യാനികൾ ലൈബ്രറി നശിപ്പിക്കുന്ന സാമാന്യം ദൈർഘ്യമേറിയ രംഗത്തിനൊടുവിൽ, ക്യാമറ കുത്തനെ മുകളിലേക്കുയർന്ന് ഒരു bird’s eye view (അതോ God’s eye view ആണോ?)-ലെത്തുമ്പോൾ, പുസ്തകങ്ങളെടുത്ത് തീയിലിടുന്ന, കറുത്ത കുപ്പായമിട്ട ക്രിസ്ത്യാനികൾ ഉറുമ്പുകളെപ്പോലെ തോന്നിപ്പിക്കുന്നു.

സിനിമയിൽ ഒന്നിലധികം തവണ അലക്സാണ്ട്രിയയുടെ വൈഡ്-ആംഗിൾ ദൃശ്യം സൂം-ഔട്ട് ചെയ്ത് ഒരു God’ eye view-വിലെത്തുന്നുണ്ട്. ചിലപ്പോൾ അതു ഭൂമിയുടെ (ഇന്നത്തെക്കാലത്ത് മാത്രം ലഭ്യമായ) ബഹിരാകാശ ചിത്രമെന്ന് തോന്നിക്കുന്ന ഇമേജിലെത്തി നിൽക്കുന്നു. മതസംഘട്ടനങ്ങൾ നടക്കുന്ന അലക്സാണ്ട്രിയയുടെ ദൃശ്യം ഇന്നത്തെ ഗൂഗിൾ-എർത്ത് ദൃശ്യമായി പരിണമിക്കുമ്പോൾ, ഗുജറാത്തും ഡാർഫറും ബെൽഫാസ്റ്റും റുവാണ്ടയുമുള്ള ഇന്നത്തെ ലോകം പഴയ മതസംഘട്ടനങ്ങളുടെ ചരിത്രകാലത്തുനിന്നും അധികമൊന്നും മാറിയിട്ടില്ല എന്നു തന്നെയാണോ ചലചിത്രകാരൻ ഉദ്ദേശിക്കുന്നത്?

സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിനെ പൂർണമായും എതിർക്കുന്ന പോളിന്റെ വാക്കുകൾ ബൈബിളിൽ നിന്നും ഉദ്ധരിച്ചുകൊണ്ടാണ് ഹൈപേഷ്യയെ വധിക്കാൻ, പിൽക്കാലത്ത് വിശുദ്ധനായിത്തീർന്ന സിറിൽ ക്രിസ്ത്യാനികളെ പ്രകോപിപ്പിക്കുന്നത്. സിറിലിന്റെ വാക്കുകൾ കേട്ട് അക്രമാസക്തരാവുന്ന വിശ്വാസികളുടെ ദൃശ്യം ഇന്റർകട്ടു ചെയ്യുന്നത്, താൻ വധിക്കപ്പെടും എന്നറിഞ്ഞിട്ടും രക്ഷപെടാനുള്ള തയ്യാറെടുപ്പുകളൊന്നും കൂടാതെ, തന്റെ പഠനങ്ങളിലും ചിന്തയിലും മുഴുകിയിരിക്കുന്ന ഹൈപേഷ്യയുടെ ദൃശ്യത്തിലേക്കാണ്. അരിസ്റ്റാർക്കസ് മുന്നോട്ടു വെച്ചിരുന്നുവെങ്കിലും അക്കാലത്ത് പൊതുവെ അംഗീകാരമില്ലാതിരുന്ന ‘ഹീലിയോ‌സെൻ‌ട്രിക് മോഡലിൽ’ ഹൈപേഷ്യയുടെ അന്വേഷണങ്ങൾ എത്തിയിരുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ഹൈപേഷ്യയുടെ ചിന്തയുടെയും ഗവേഷണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നീണ്ട പാസേജുകൾത്തന്നെ ഈ ചിത്രത്തിലുണ്ട്.

ഹോളിവുഡിലെ മേജർ ഹിറ്റുകളിലൊന്നായ ഗ്ലാഡിയേറ്ററിനെ വെല്ലുന്ന ദൃശ്യങ്ങളും സാങ്കേതികത്തികവുമൊക്കെയുണ്ടെങ്കിലും, ഭാഷ ഇംഗ്ലീഷ് തന്നെയായിട്ടും, യൂറോപ്പിൽ പലയിടത്തും സൂപ്പർഹിറ്റായിട്ടും ഈ ചിത്രം ഇതുവരെ അമേരിക്കയിൽ റിലീ‍സ് ചെയ്തിട്ടില്ല. ഗ്ലാഡിയേറ്റർ ഒരു പുരുഷ-സൂപ്പർ താരത്തിന്റെ ഹീറോയിസം ആഘോഷിക്കുന്ന പ്രതികാരകഥ മാത്രമാകുമ്പോൾ, അഗോറ, അറിവിനെ മാത്രം അന്വേഷിച്ച, ഒരിക്കലും ആയുധമെടുക്കാത്ത, പരാജയപ്പെട്ടൊരു സ്ത്രീയെ കേന്ദ്രകഥാപാത്രമാകുന്നു. യൂറോപ്യൻ പോപുലർ സിനിമ ഹോളിവുഡ് പോപുലർ സിനിമകളിൽ നിന്നും എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനു ദൃഷ്ടാന്തമാണ് അഗോറ. ഹോളിവുഡ് ഇസ്ലാം തീവ്രവാദവുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ശ്രദ്ധിക്കുമ്പോൾ ക്രിസ്ത്യാനികൾ തീവ്രവാദികളായി വരുന്ന (അമേരിക്കയിൽ ശ്രദ്ധിക്കപ്പെട്ട പാരഡൈസ് നൌ എന്ന ചിത്രത്തിൽ ഇസ്ലാം തീവ്രവാദിയായി വേഷമിട്ട അഷ്രഫ് ബാർഹോം ഇവിടെ അമ്മോണിയസ് എന്ന ക്രിസ്ത്യൻ തീവ്രവാദിയാകുന്നുണ്ട്. ) ഒരു കാലഘട്ടത്തിന്റെ കഥ ചില ഓർമ്മപ്പെടുത്തലുകൾ തന്നെയാണ് എന്നതാവാം ഈ ചിത്രം അമേരിക്കൻ മാർക്കറ്റിൽ നിരസിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്.

14 comments:

സ്വപ്നാടകന്‍ said...

കാണണം

വിനയന്‍ said...

അഗോറയെക്കുറിച്ചു കഴിഞ്ഞയാഴ്ച ഒരിടത്തു വായിച്ചിരുന്നു...ആമേനബറിന്റെ 'The Others' മാത്രമേ കണ്ടിട്ടുള്ളൂ. 'The sea inside' കാണാന്‍ പറ്റിയിട്ടില്ല...

പാമരന്‍ said...

kollamallo.. DVD available?

ആദര്‍ശ് said...

കാണേണ്ട സിനിമതന്നെയാണ് എന്ന് വിവരണത്തില്‍ നിന്ന് മനസിലാക്കാന്‍ പറ്റുന്നുണ്ട്. നന്ദി. ടി.ഡി.രാമകൃഷ്ണന്‍റെ "ഫ്രാന്‍സിസ് ഇട്ടിക്കോര" എന്ന നോവലില്‍ ഹൈപേഷ്യയുടെ ജീവിതത്തെക്കുറിച്ച് നല്ലൊരു ചിത്രം ഉണ്ട്. അതുമായി ബന്ധിപ്പിച്ചുകൊണ്ടാണ് നോവലിന്‍റെ തീം മുന്നോട്ടു പോകുന്നത്.

Anoop said...

താങ്കളുടെ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെയാണ് തട്ടുപൊളിപ്പന്‍ ഹോളിവുഡ് സിനിമകള്‍ കാണുന്നത് കുറച്ചതും, ടെറന്‍സ്‌ മലിക്കിന്റെയൊക്കെ സിനിമകള്‍ കണ്ടു തുടങ്ങിയതും. താങ്കള്‍ പരിചയപ്പെടുത്തിയ ഒരു വിധം എല്ലാ സിനിമകളും സംഘടിപ്പിച്ചു വച്ചിട്ടുണ്ട്. അധികവും കണ്ടു തീര്‍ക്കുകയും ചെയ്തു.

Agora പരിചയപ്പെടുത്തിയതിനു നന്ദി.

ഇന്നലെ വായിച്ചു കഴിഞ്ഞപ്പോഴേ download ചെയ്തു.

Rachel Weisz അഭിനയിച്ചിട്ടും ഈ സിനിമ അമേരിക്കയില്‍ ശ്രദ്ധിക്കപ്പെടാതെ പോയതാണ് അത്ഭുതം. IMDB പോലെ യൂറോപ്പ്യന്‍ സിനിമകളുടെ ഡാറ്റാബേസ് ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. Agora റിലീസ് ആയതു പോലും അറിഞ്ഞില്ല.

വിനയന്‍ said...

ഞാനിപ്പോഴാണ് ഓര്‍ത്തത്‌. ആരെങ്കിലും ink(2009) കണ്ടിട്ടുണ്ടോ.. Direct to Dvd release ആയിരുന്നു എന്നാണു ഓര്‍മ്മ...Its was a fantastic movie...The movie was the highest pirated movie among 2009 releases!!!

Mohamed Salahudheen said...

കണ്ടപോലെ

Roby said...

അഭിപ്രായങ്ങൾക്ക് നന്ദി.

ആദർശ്,
ഇട്ടിക്കോര വായിച്ചിട്ടില്ല. പക്ഷേ പറഞ്ഞുകേട്ടിടത്തോളം ഇട്ടിക്കോരയിലെ ചരിത്രം മുഴുവൻ നുണയും കെട്ടുകഥയുമാണ്.

വിനയൻ,
ink(2009) കണ്ടിട്ടില്ല. IMDb-യിലും അങ്ങനെ ഒരു പടം ഉള്ളതായി കണ്ടില്ല. മറ്റെന്തെങ്കിലും പേരുണ്ടോ? ലിങ്ക് എന്തെങ്കിലും ഉണ്ടോ?

സലാഹ്,
അതങ്ങനെയല്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം. കാഴ്ചയ്ക്കു പകരം നിൽക്കാനല്ല ഇവിടെ സിനിമയെക്കുറിച്ചെഴുതുന്നത്. I am sorry to say that, Your comment is an insult to the purpose of this blog.

വിനയന്‍ said...

Imdb യില്‍ ഉണ്ടല്ലോ...ഒരുപക്ഷെ റോബി, ink(2009) എന്ന് സെര്‍ച്ച്‌ ചെയ്തിരിക്കും എന്ന് വിചാരിക്കുന്നു. അങ്ങനെ ചെയ്തപ്പോള്‍ എനിക്കും കിട്ടിയില്ല. എന്തായാലും ലിങ്ക് ഇവിടെ
http://www.us.imdb.com/title/tt1071804/

paarppidam said...

നല്ല ബ്ലോഗ്ഗ് , കവിയത്രി സുനിതയൂടെ ബ്ലോഗ്ഗിൽ നിന്നുമാണ് ഇവിടേക്ക്ക് ലിങ്ക് കിട്ടിയത്.
വ്യത്യസ്ഥമായ വായനക്കാർക്ക് മനസ്സിലാക്കാവുന്ന വിധം സിനിമയെ കുറിച്ച് മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. നിരൂപണം/വിശകലനം ചെയ്യുമ്പോൾ അനാവശ്യവും തികച്ചു അപ്രസക്തവുമായ വിഷയങ്ങൾ കുത്തിനിറയ്ക്കുവാൻ ശ്രമിക്കുന്നില്ല, പ്രത്യേകിച്ച് കഥാ‍സന്ദർഭം,കഥാപാത്രത്തിന്റേയൂം സംവിധായകന്റേയും നടന്റേയും ജാതിയും മതവും രാഷ്ടീയവും ദേശവും വേറ്തിരിച്ച് അതിൽ നിന്നും വർഗ്ഗീയതയുടെ വിഷധൂളികൾ ഉല്പാദിപ്പിച്ച് വായനക്കാരന്റെ/കാഴ്ചക്കാരന്റെ മനസ്സിനെ മലീമസമാക്കുന്ന രീതിയിൽ സിനിമയെ സമീപിക്കുന്നില്ല എന്ന്തിനു പ്രത്യേകം അഭിനന്ദനം.

തീർച്ചയായും ഇട്ടിക്കോര ഒരു യദർഥ ചരീത്രമാണെന്ന് കരുതുകവയ്യ.

Jikkumon - Thattukadablog.com said...

Agora കണ്ടു പക്ഷെ അത്രയ്ക്ക് സുഹിച്ചില്ല Click here for Thattukadablog

Jikkumon - Thattukadablog.com said...

Robin Hood കണ്ടു പക്ഷെ അതും അത്രയ്ക്ക് സുഹിച്ചില്ല എന്നാലും കൊഴപ്പമില്ല

റോഷ്|RosH said...

അഗോറ ഇപ്പോള്‍ കണ്ടു തീര്‍ത്തു. really a shocking movie. സ്ത്രീ, ദൈവം, മതം, ശാസ്ത്രം, പ്രണയം തുടങ്ങിയ, മനുഷ്യന്‍റെ അനാദിയായ വിഹ്വലതകളെ മനോഹരമായി കോര്‍ത്തു വയ്ക്കുന്ന ചിത്രം. മനുഷ്യന്‍ കെട്ടിച്ചമച്ച മതമെന്ന ഏടാകൂടം അവന്‍റെ തന്നെ പുരോഗതിയെ, സ്വതന്ത്ര ചിന്തയെ ഭൂതകാലത്തില്‍ എത്രമാത്രം വരിഞ്ഞുകെട്ടിയിരുന്നു , ഇപ്പോളും മനുഷ്യനെ ചങ്ങലയ്ക്കിടുന്നു എന്ന് ഓര്‍മിപ്പിക്കുന്നു അഗോറ. സാധാരണ ചിത്രീകരിക്കപ്പെടുന്ന സ്ത്രീ കഥാ പത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തയായി, വൈകാരികതകളോ ചാപല്യങ്ങലോ ഇല്ലാത്ത, ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ കുറിച്ചുമാത്രം ഉത്കണ്ഠാകുലയായ ഹൈപെഷ്യ. ഏതു പുരുഷനും ഏതു സ്ത്രീയോടും തോന്നാവുന്ന സാദാ പ്രണയത്തിന്‍റെ പേരില്‍, അവളെ ആരാധിക്കുമ്പോളും, മനസ്സിലാക്കാന്‍ കഴിയാത്ത ഒറസ്റ്റാസ്. ഹൈപെഷ്യയുടെ പഠനങ്ങളില്‍ സഹായിയായിരുന്ന അവളറിയാതെ അവളെ പ്രണയിച്ച അടിമയായ ദേവുസ്‌. പെഗന്‍സും ജൂതന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള മത സംഘട്ടനങ്ങളില്‍ അലക്സാണ്ട്രിയയിലെ പാവം ജനത ആണും പെണ്ണും കുട്ടികളും കരയുമ്പോള്‍, കാമെറ സൂം ഔട്ട്‌ ചെയ്യുന്നു. സൂം ഔട്ട്‌ ചെയ്ത് ഇരുണ്ട ശൂന്യാകാശത്തു നക്ഷത്രങ്ങള്‍ക്കിടയില്‍ ഭൂമിയെ ഫ്രെയിമില്‍ കാണിക്കുന്നു. അപ്പോഴും വിലാപങ്ങളും നിലവിളികളും കേള്‍ക്കാം. പക്ഷെ അത് കേള്‍ക്കാന്‍ ഇരുണ്ട ആകാശത്തു ഒരു ദൈവവും ഇരിപ്പുണ്ടായിരുന്നില്ല എന്നുമാത്രം. സ്ക്രീനില്‍ നിറയുന്നത്, കട്ട പിടിച്ച ഇരുട്ടും അതില്‍ തിളങ്ങുന്ന കുറെ നക്ഷത്രങ്ങളും മാത്രം. ദൈവമില്ലാത്ത കറുത്ത ശൂന്യത.

Unknown said...

അഗോറ കണ്ടു. പവർഫുൾ സിനിമ. ക്രിസ്തുമതം മനുഷ്യരെയും അവന്റെ വിജ്ഞാനദാഹത്തെയും ആക്രമിച്ചു കീഴടക്കുകയും പൗരോഹിത്യത്തിനു മുന്നിൽ മുട്ടുകുത്തിക്കുകയും ചെയ്യുന്ന രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നത് ഓർമ്മിപ്പിച്ചു.

അലക്സാണ്ട്രിയയിലെ ലൈബ്രറിയിലേക്ക് ഇരച്ചു കയറുന്ന കറുത്ത കൃസ്ത്യാനിജീവികൾ ഉറുമ്പകളായല്ല എനിക്കു തോന്നിയത്. "കറുത്ത മരണം" എന്നു ആധുനിക ലോകം വിളിച്ച പതിനാലാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ മഹാദുരന്തമായ പ്ലേഗിനെയും അതിന്റെ വാഹകരെന്നു കരുതപ്പെടുന്ന കറുത്ത എലികളെയുമാണു ആ സീനും അതിനെത്തുടർന്നുള്ള പല സീനുകളും ഓർമ്മിപ്പിക്കുന്നത്.

യൂറോപ്പിലെ പ്ലേഗുബാധയ്ക്കും ഏറെ മുൻപ് കോൺസ്റ്റാന്റിനോപ്പിളിനെയും ബാധിച്ചിരുന്ന ഈ മഹാവ്യാധി ഈജിപ്റ്റിൽ നിന്നും എലികൾ വഴിയെത്തിയതാണെന്നു പറയപ്പെടുന്നു.

ഈ പടം അമേരിക്കൻ മാർക്കറ്റിൽ നിരസിക്കപ്പെടാൻ കാരണങ്ങൾ മറ്റെങ്ങും തിരയേണ്ടതില്ല.